അതിഥി തൊഴിലാളികളെ സുരക്ഷിതമായി സ്വന്തം നാടുകളിൽ എത്തിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കൊവിഡ് പ്രതിസന്ധിയിൽ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ഡല്‍ഹി സര്‍ക്കാർ ഉണ്ടാവുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി. ഇവർക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഉടൻ തന്നെ പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഇപ്പോഴും തൊഴിലാളികളുടെ പലായനം തുടരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കെജ്‍രിവാളിൻ്റെ പ്രതികരണം.
ഡല്‍ഹിയില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സംസ്ഥാനത്ത് തുടരാന്‍ താല്‍പര്യപ്പെടുന്ന തൊഴിലാളികള്‍ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കും. തിരിച്ചുപോവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ട്രെയിന്‍ സൗകര്യം ഉറപ്പാക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. തൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തിയതിലൂടെ 47,000 തൊഴിലാളികൾ ഇതുവരെ നാട്ടിലേക്ക് മടങ്ങിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
content highlights: Responsibility of migrant workers is ours, won’t leave them alone says Arvind Kejriwal