ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു; കാറ്റ് ഏത് നിമിഷവും കരതൊടാം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്റെ വടക്കന്‍ തീരത്തേക്ക് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സുന്ദര്‍ ബാനില്‍ ഇത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുവാന്‍ സാധ്യതയുള്ളത്. വലിയ മണ്ണിടിച്ചിലുകളും കനത്ത മഴയുമാണ് ഇവിടെ ഉണ്ടാകുന്നത്. കാറ്റ് ഏത് നിമിഷവും കരതൊടാം എന്ന് അധികൃതര്‍ അറിയിച്ചു. ഒഡീഷയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെയാണ് പശ്ചിമ ബംഗാളിലേക്ക് നീങ്ങിയത്. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ വലിയ മണ്ണിടിച്ചിലുകള്‍ക്ക് ഇത് കാരണമാകും.

പശ്ചിമ ബംഗാളിലെ ദിഗ്ഗയ്ക്കും ബംഗ്ലാദേശിന്റെ ഹഡിയ എന്ന പ്രദേശത്തിനും ഇടയിലായുള്ള സുന്ദര്‍ബാനിലേക്കാണ് കാറ്റിന്റെ സഞ്ചാരം. ഒഡീഷയിലെ ഭാദ്രക്, ബാലസോര്‍, ജഗത്സിങ്പൂര്‍, കേന്ദ്ര പാഥ, എന്നീ പ്രദേശങ്ങളിലാണ് കാറ്റ് ഏറ്റവും അധികം നാശം വിതച്ചത്. ഇവിടെ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വീടുകളുടെ മേല്‍ക്കൂരകള്‍ പറന്ന് പോകുകയും വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 20 വര്‍ഷത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ കാറ്റുകളില്‍ ഏറ്റവും മോശമായ കാറ്റായാണ് ഉംപുന്‍ ചുഴലിക്കാറ്റിനെ കണക്കാക്കുന്നത്.

എന്നാല്‍, ഇതുവരെ ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഭാദ്രക് ജില്ലയില്‍ ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതിന് കാരണം ചുഴലിക്കാറ്റാണെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരിതാശ്വസ കമ്മീഷണര്‍ പ്രദീപ് കുമാര്‍ ജേന അറിയിച്ചു.ബാലസോറില്‍ വീടിന് മുകളില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്ന അതേ പാതയിലൂടെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Umpun Cyclone landfall at West Bengal, expected heavy rain and wind