എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

Health Department issued guidelines about Kerala SSLC, Plus Two exams 

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ ശുപാര്‍ശ പ്രകാരം വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണിച്ചാണ്  മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളുടെയും ക്വാറൻ്റീനിലുള്ള വിദ്യാര്‍ഥികളുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് മുന്‍കൂട്ടി തയ്യാറാക്കണം. ഈ പട്ടിക ബന്ധപ്പെട്ട സ്‌കൂളിന് കൈമാറണം. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

എല്ലാ വിദ്യാര്‍ഥികളുടെയും തെര്‍മല്‍ സ്‌കാനിങ് നടത്തണം. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് എല്ലാ വിദ്യാര്‍ഥികളും ധരിക്കണം. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ എണ്ണം, ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാര്‍ഥികളുടെ യാത്രാ ക്രമീകരണം തുടങ്ങിയ ഉള്‍പ്പെടെ ഒരു മൈക്രോ പ്ലാന്‍ തയ്യാറാക്കണം. പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലമുണ്ടായിരിക്കണം. രക്ഷകര്‍ത്താക്കളെ സ്‌കൂള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത്. സംസ്ഥാനത്തിനുള്ളിലെ ഹോട്ട്സ്‌പോട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോട്ട്‌സ്‌പോട്ടുകള്‍ക്കുള്ളിലെ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

Content Highlights: Health Department issued guidelines about Kerala SSLC, Plus Two exams