ദേശീയ ഗാന ബില്ലിനെതിരെ ഹോങ്കോങില്‍ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് തെരുവുകളില്‍ പ്രതിഷേധിച്ചത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക, ഹോങ്കോങിനൊപ്പം നില്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. 240 ഓളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ ദേശീയ ഗാനമായ ‘മാര്‍ച്ച് ഓഫ് വളണ്ടിയേഴ്സി’നെ അപമാനിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെതിരെയാണ് ഹോങ്കോങ് ജനതയുടെ പ്രതിഷേധം. ബില്‍ നിയമമായാല്‍ ദേശീയ ഗാനത്തെ മനഃപൂര്‍വ്വം വളച്ചൊടിക്കുന്നതും അവഹേളിക്കുന്നതും ക്രിമിനൽ കുറ്റമാവുകയും മൂന്ന് വര്‍ഷം വരെ പിഴയോടുകൂടിയ ശിക്ഷയ്ക്ക് കാരണമാകുകയും ചെയ്യും.
ദേശീയ ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിക്കരുതെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഹോങ്കോങിലെ വിദ്യാര്‍ത്ഥികളില്‍ ദേശീയഗാനത്തിൻ്റെ ചരിത്രത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ സ്കൂളുകളില്‍ ദേശിയ ഗാനം ആലപിക്കണമെന്നും ബില്ലില്‍ പറയുന്നു. ദേശീയ ഗാന ബില്‍ നടപ്പാക്കാനുള്ള ശ്രമം 2019ലും നടന്നിട്ടുണ്ട്. എന്നാല്‍ അത് പരാജയപ്പെട്ടിരുന്നു. 2017ല്‍ ബീജിങില്‍ സമാനമായ നിയമം നടപ്പാക്കിയിരുന്നു.
content highlights: Hong Kong’s National Anthem Bill Is Sparking Renewed Protests