ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷം; അതിര്‍ത്തിയില്‍ യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന് പ്രധാനമന്ത്രി

ലഡാക്ക്/ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്,മൂന്ന് സൈനിക മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്,മൂന്ന് സേനകളുടെയും മേധാവിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യമാന്ത്രാലയവുമായും രാജ് നാഥ് സിങ് ആശയവിനിമയം നടത്തുകയും ചെയ്തു.പ്രധാനമന്ത്രി ഉന്നത തലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുകയും അതിര്‍ത്തിയില്‍ യാതൊരു വിട്ട് വീഴ്ചയും വേണ്ടെന്ന സന്ദേശം സൈനിക മേധാവിമാര്‍ക്ക് നല്‍കുകയുമായിരുന്നു.

ചൈന പിന്തുടരുന്നത് നല്ല അയല്‍ക്കാരന് ചേര്‍ന്ന സമീപനം അല്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. പ്രധാനമന്ത്രി ചൈനയോടുള്ള സമീപനത്തില്‍ വിട്ട് വീഴ്ച്ച വേണ്ടെന്ന സമീപനം സ്വീകരിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ അധികമായി സേനയെ വിന്യസിക്കുകയും ചെയ്തു. കൊറോണവൈറസ് വ്യാപനത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപെട്ട് നില്‍ക്കുന്ന ചൈന ബോധപൂര്‍വം അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന വിലയിരുത്തലാണ് വിദേശകാര്യ മന്ത്രാലയത്തിന്റേത്.

വിദേശകാര്യ സെക്രട്ടറി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍,നയതന്ത്ര പരമായി ചൈനയും നേപ്പാളും കൈക്കൊള്ളുന്ന സമീപനങ്ങള്‍ എന്നിവയൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുകയും ചെയ്തു.ഇതിന് പിന്നാലെ ഉന്നത തല യോഗത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ എടുത്തുകാട്ടി ഇക്കാര്യത്തില്‍ വിട്ട് വീഴ്ച്ച വേണ്ടെന്ന വ്യക്തമായ സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുകയായിരുന്നു. അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Content Highlight: PM Modi on Indo-China border issue

LEAVE A REPLY

Please enter your comment!
Please enter your name here