ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കാര്‍ സ്ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. പുല്‍വാമയില്‍ സ്ഫോടന വസ്തുക്കളുമായെത്തിയ കാര്‍ തടയുകയും വിജനമായ പ്രദേശത്ത് എത്തിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നും സൈന്യം പറയുന്നു. 20 കിലോയിലധികം സ്ഫോടക വസ്തു (ഐ.ഇ.ഡി) വഹിച്ചുള്ള കാറാണ് സെെന്യം തടഞ്ഞത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിൻ്റിൽ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. കാര്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാര്‍ ബോംബ് സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ നീക്കം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.
പരിശോധനയില്‍ കാറിലെ ഡ്രമ്മില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് കണ്ടെത്തി. എന്നാല്‍ കാര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തിന് സമീപത്തുനിന്ന് കുറച്ച് അകലെ വിജനമായ പ്രദേശത്ത് സ്ഫോടനം നടത്തുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. കാര്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. ഡ്രോണ്‍ ക്യാമറ വെച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്. വെളുത്ത നിറത്തിലുള്ള കാര്‍ പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
content highlights: 2019-Like Bombing Stopped In Pulwama, 20 kg IED In Car, Driver Escapes