ഇന്ത്യ-ചൈന വിഷയത്തില്‍ ട്രംപും മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ട്രംപും മോദിയുമായി അടുത്തകാലത്ത് സംസാരിച്ചിട്ടില്ല. ഏപ്രില്‍ നാലിനാണ് ഇരുവരും തമ്മില്‍ അവസാനം ചര്‍ച്ച നടത്തിയത്. അന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിനുമായി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചതെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

നരേന്ദ്ര മോദി അത്ര നല്ല മൂഡിലല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് മോദിയെ അറിയിച്ചുവെന്നും അതിര്‍ത്തി വിഷയത്തില്‍ മോദിക്ക് അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം തള്ളിയത്. താന്‍ ഇന്ത്യയില്‍ വരുന്നത് അവര്‍ക്ക് ഇഷ്ടമാണ്. ഈ രാജ്യത്തെ മാധ്യമങ്ങള്‍ തന്നെ ഇഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നുവെന്ന് താന്‍ കരുതുന്നു. തനിക്ക് മോദിയെ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയെ തനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം ഒരു വലിയ മാന്യനാണെന്നും ട്രംപ് പറഞ്ഞിരുന്നു

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ഒരു വലിയ സംഘര്‍ഷം നടക്കുന്നുണ്ട്. 1.4 ബില്യണ്‍ ജനങ്ങളുള്ള രണ്ട് രാജ്യങ്ങള്‍. വളരെ ശക്തരായ സൈനികരുള്ള രണ്ട് രാജ്യങ്ങള്‍. ഇന്ത്യ സന്തുഷ്ടരല്ല. ഒരുപക്ഷേ ചൈനയും സന്തുഷ്ടരാകില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. ചൈനയുമായുള്ള ഈ സംഘര്‍ഷത്തില്‍ അദ്ദേഹം ഒട്ടും സന്തുഷ്ടനല്ലെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാര ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.

Content Highlight: External Affairs Ministry says Trump and Modi have not held talks on India-China issue