വാഷിംഗ്ടണ്‍: യുഎസില്‍ സാമൂഹ മാധ്യമ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സ്വാതന്ത്ര്യ അഭിപ്രായ പ്രകടനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഉത്തരവില്‍ ഒപ്പിടുന്നതിന് മുന്നോടിയായി ട്രംപ് പറഞ്ഞു.
തന്റെ രണ്ടു ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വസ്തുതാപരിശോധന ലിങ്ക് നല്‍കിയത് ട്രംപിനെ രോഷാകുലനാക്കിയിരുന്നു. സാമൂഹമാധ്യമ കമ്പനികളെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും വേണ്ടിവന്നാല്‍ കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് താക്കീത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവില്‍ ഒപ്പിടുന്നത്. തപാല്‍ വോട്ട് ക്രമക്കേടുകള്‍ക്കു വഴിതെളിക്കുമെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റു ചെയ്തതാണ് പ്രശ്‌നം സൃഷ്ടിച്ചത്. വായനക്കാര്‍ ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചു ബോധ്യപ്പെടണമെന്നു ട്വീറ്റിനടിയില്‍ ട്വിറ്റര്‍ കുറിച്ചു. ട്രംപ് ഇട്ട ട്വീറ്റുകള്‍ക്കടിയില്‍ നീല ആശ്ചര്യ ചിഹ്നത്തോടൊപ്പമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഫാക്ട് ചെക്ക് സൗകര്യം നല്‍കിയത്. ഇതാണു ട്രംപിനെ രോഷാകുലനാക്കിയത്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാനാണു ട്വിറ്ററിന്റെ ശ്രമം. തപാല്‍വോട്ടു സംബന്ധിച്ച എന്റെ ട്വീറ്റ് തെറ്റാണെന്നു പറഞ്ഞ് വസ്തുതകള്‍ പരിശോധിക്കാനായി വ്യാജ വാര്‍ത്താ മാധ്യമങ്ങളായ സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയിലേക്ക് ലിങ്ക് നല്‍കി. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ട്വിറ്ററിനെ അനുവദിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, ട്വിറ്റര്‍ നടപടിയെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിമര്‍ശിച്ചിരുന്നു. ഉപയോക്താക്കളുടെ പോസ്റ്റുകളിലെ സത്യം കണ്ടെത്തുന്ന ജോലി തങ്ങള്‍ക്കില്ലെന്നാണു സക്കര്‍ബര്‍ഗിന്റെ അഭിപ്രായം.
Content Highlight: Trump signs executive order targeting social media companies