ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

Delhi Seeks Rs 5,000 Crore From Centre To Pay Employees

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 5,000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ. കേന്ദ്രസഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ചതുപോലെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഡല്‍ഹിക്ക് ഒന്നും കിട്ടിയില്ലെന്ന് ധനകാര്യ വകുപ്പിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം കൊടുക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയ്ക്ക് 3,500 കോടി രൂപ വേണം. കഴിഞ്ഞ രണ്ട് മാസമായി ജി എസ് ടി വരുമാനമായി ഡൽഹിക്ക് ലഭിച്ചത് 500 കോടി മാത്രമാണ്. ജീവനക്കാരുടെ ശമ്പളം, കൊവിഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കായി 7,000 കോടിയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടതെന്നും മനീഷ് സിസോദിയ പറയുന്നു.

ഡല്‍ഹിക്ക് ഇത്തരത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും കൊറോണയെ സഹിച്ചും ലോക്ക് ഡൗണ്‍ നിര്‍ത്താന്‍ ഡല്‍ഹി തയ്യാറാണ് എന്നും മേയ് ആദ്യവാരം കെജ്‌രിവാള്‍ പറഞ്ഞിരുന്നു. നാലം ഘട്ട ലോക്ക് ഡൗണ്‍ മുതല്‍ ഈ നിലപാടിലായിരുന്നു ഡല്‍ഹി. കേന്ദ്രം നിര്‍ദ്ദേശിച്ച ഇളവുകള്‍ പരമാവധി നടപ്പിലാക്കുകയും ചെയ്തു. നിലവില്‍ 120 കണ്ടെയ്ൻമെൻ്റ് സോണുകളാണ് ഡല്‍ഹിയിലുള്ളത്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ആകെ രോഗ ബാധിതര്‍ 18,000ന് മുകളിലെത്തി. 1,163 പേര്‍ മരിക്കുകയും ചെയ്തു. 

content highlights: Delhi Seeks Rs 5,000 Crore From Centre To Pay Employees