ചങ്ങനാശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

Son killed his mother in Kottayam

കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനത്ത് മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. തൃക്കൊടിത്താനം അമര കന്യാക്കോണിൽ കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രി 10.30 ഓടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കൊലപാതകത്തിന് ശേഷം നിതിന്‍ ബാബു അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. 

content highlights: Son killed his mother in Kottayam