മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ യാത്രയ്ക്ക് പിന്നാലെ പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണല്‍ സൗജന്യമായി നീക്കാനുള്ള ഉത്തരവിറക്കിയെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. മാലിന്യം നീക്കാനെന്ന പേരില്‍ മണല്‍ വില്പന നടത്താനാണ് ശ്രമിക്കുന്നതെന്നും പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കാനായിരുന്നു ഇവരുടെ യാത്രയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണലാണ് പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞു കൂടിയത്. രണ്ടു വര്‍ഷമായി മണ്ണ് കെട്ടിക്കിടക്കുകയാണ്. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്ത നിവാരണ നിയമമനുസരിച്ചാണ് മണ്ണ് നീക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു. മാലിന്യം നീക്കാനെന്ന പേരില്‍ സിപിഎം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേ ആൻ്റ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ് മണല്‍ നീക്കാനുള്ള കരാര്‍ നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ടതാണ്.
ദുരൂഹമായ സാഹചര്യത്തില്‍ പൊതു മേഖലാ സ്ഥാപനത്തിൻ്റെ പേരില്‍ നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല പറഞ്ഞു. ഉത്തരവിനെക്കുറിച്ച് വനം വകുപ്പ് മന്ത്രിക്ക് ഒന്നും തന്നെ അറിയില്ലെന്നാണ് പറയുന്നത്. ഇത്തരത്തില്‍ പെട്ടെന്നുള്ള ഉത്തരവില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊവിഡിൻ്റെ മറവില്‍ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണെന്നാണ് സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു.
content highlights: Ramesh Chennithala allegation Against Former Chief Secretary Tom Jose