20,000 ടൺ ഡീസൽ നദിയിലേക്ക് ചോർന്നു; സെെബീരിയയിൽ അടിയന്തരാവസ്ഥ

Russia declares emergency in the Arctic after huge diesel leak turns rivers red

എണ്ണ ഉത്പാദന കേന്ദ്രത്തിൽ നിന്ന് 20,000 ടൺ ഡീസൽ നദിയിലേക്ക് ചോർന്നതിനെ തുടർന്ന് സെെബീരിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മോസ്കോയിലെ നൊറിൽസ്ക് നഗരത്തിലെ പവർ പ്ലാൻ്റിലാണ് ചോർച്ച ഉണ്ടായത്. ചോർന്ന ഇന്ധനം അപകട സ്ഥലത്തുനിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരെവരെ എത്തിയിട്ടുണ്ടെന്നും അംബർനയ നദിയിലേക്ക് പടർന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ഈ നദിയുമായി കൂടിചേരുന്ന പുഴയാണ് ആർട്ടിക് സമുദ്രത്തിലേക്ക് നീളുന്ന മറ്റൊരു നദിയിലേക്ക് എത്തുന്നത്. അതിനാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. 350 ചതുരശ്ര കിലോമീറ്റൽ മേഖല മലിനമാക്കപ്പെട്ടിട്ടുണ്ട്. 

നൊറിൽസ്ക് നിക്കലിൻ്റെ ഒരു ഡിവിഷനിലാണ് ഈ പ്ലാൻ്റ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പുടിൻ ഉത്തരവിട്ടിട്ടുണ്ട്. പ്ലാൻ്റ് മാനേജർ പൊലീസ് കസ്റ്റടിയിലാണ്. ചോർച്ച ഉണ്ടായി രണ്ടുദിവസം കഴിഞ്ഞാണ് സർക്കാർ സംഭവം അറിയുന്നത്. ഇപ്പോൾ തന്നെ 13 ദശലക്ഷം യുഎസ് ഡോളറിൻ്റെ  നഷ്ടം ഈ മേഖലയിൽ സംഭവിച്ചതായി വേൾഡ് വൈഡ്‌ലൈഫ് ഫണ്ടിൻ്റെ റഷ്യൻ തലവൻ അലെക്സെയ് ക്നിഴ്നികോവ് പറ‍ഞ്ഞു. ജലത്തിൻ്റെ ഖരാങ്കത്തിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന മണ്ണ് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അലിഞ്ഞു പോവുകയും ഇതേ തുടർന്ന് ഡീസൽ ശേഖരിച്ചുവച്ച ടാങ്കിനെ താങ്ങിനിർത്തുന്ന തൂണുകൾ താഴ്ന്നുപോവുകയും ചെയ്തതാണ് അപകടം സംഭവിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

content highlights: Russia declares emergency in the Arctic after huge diesel leak turns rivers red