ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് സാങ്കേതികവിദ്യ എല്ലാവരിലും എത്തുന്നത് വരെ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പരീക്ഷണ സംപ്രേഷണമാണെന്നും ക്ലാസുകള്‍ ഈ മാസം 14 മുതലാണ് ആരംഭിക്കുയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

ആദിവാസി മേഖലകള്‍, വിദൂരസ്ഥലങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമല്ലെന്നും ഇവിടങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യസം നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി.ഗിരിജ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിലെ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.

സംസ്ഥാനത്ത് ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലായി 41 ലക്ഷം കുട്ടികളാണ് ഇതുവരെ പൊതു വിദ്യഭ്യാസത്തിന്റെ ഭാഗമായുള്ളത്. എന്നാല്‍, ഇതില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ മൂലം സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികളുടെ പഠന സൗകര്യം കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: The court rejected the demand for stop the online classes until the facility made equal for all