കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് തെലങ്കാന ഗാന്ധി ആശുപത്രിയിൽ നിന്ന് രോഗ ലക്ഷണം കാണിക്കാത്ത കൊവിഡ് രോഗികളെ പറഞ്ഞു വിടുന്നു. 50 വയസിൽ താഴെയുള്ള കൊവിഡ് രോഗികളെയാണ് പറഞ്ഞുവിടുന്നത്. ഇവർ ഹോം ക്വറൻ്റീനിൽ പോകാനാണ് നിർദേശം. തെലങ്കാന മുഖ്യമന്ത്രി ചന്ദശേഖർ റാവുവിൻ്റെ നേതൃത്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. തിങ്കളാഴ്ച മാത്രം 393 രോഗികളാണ് തെലങ്കാനയിലെ കൊവിഡ് ആശുപത്രിയായ ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. 393 പേരിൽ ലക്ഷണങ്ങൾ കാണിക്കാത്ത 310 പേരെ ഹോം ക്വാറൻ്റീൻ നിർദേശിച്ച് വീടുകളിലേക്ക് പറഞ്ഞുവിട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു.
അതേസമയം കൊറോണ രോഗികളാൽ നിറഞ്ഞിരിക്കുകയാണ് ഗാന്ധി ആശുപത്രിയെന്ന് ആരോപണം തെലങ്കാന മുഖ്യമന്ത്രി നിഷേധിച്ചു. 2,150 രോഗികളെ ചികിത്സിക്കാനുള്ള സൌകര്യവും 1000 ബെഡുകളും ആശുപത്രിയിൽ ഉണ്ടെന്നും 247 കൊവിഡ് രോഗികൾ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരിലും കൊവിഡ് പരിശോധന നടത്തണമെന്ന ഹെെക്കോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെന്നും തെലങ്കാന സർക്കാർ അറിയിച്ചു. ദിവസവും ആയിരത്തിൽ അധികം ആളുകൾ പല കാരണങ്ങളാൽ മരണപ്പെടുന്നുണ്ടെന്നും ഇവർക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്തുക എന്നത് സാധ്യമല്ലെന്നുമാണ് തെലങ്കാന സർക്കാരിൻ്റെ പ്രതികരണം.
content highlights: Telangana discharges asymptomatic COVID-19 patients aged below 50 from Gandhi Hospital