സംസ്ഥാനത്ത് ആദ്യ ‘വെർച്ച്വൽ ക്യൂ സംവിധാന’ത്തിന് തുടക്കം കുറിച്ച് കാസർകോട് ജനറൽ ആശുപത്രി

Kasaragod General Hospital (GH) has introduced a ‘virtual Q’ mobile app

സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്ച്വൽ ക്യൂ സംവിധാനത്തിന് തുടക്കം കുറിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച്ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് ഒരുങ്ങിയത്. പൊവ്വൽ എൽബിഎസ് എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് ആപ്പ് തയ്യാറാക്കിയത്. ഈ മൊബൈൽ ആപ്പ് വഴി ടോക്കൺ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. സാമൂഹിക അകലം ഉറപ്പാക്കി പരമാവധി ആൾക്കൂട്ടം ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 50 ശതമാനം ഒപി ടിക്കറ്റുകളാണ് മൊബൈൽ ആപ്പിലൂടെ നൽകുന്നത്.

ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകൾ ഈ ആപ്പിൽ ലഭ്യമാണ്. രാവിലെ ആറു മുതൽ എട്ട് വരെയാണ് ടോക്കൺ ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം ഇതിലുണ്ട്. ഇത് വഴി ബുക്ക് ചെയ്ത ഉടൻ പ്രത്യേക ടോക്കൺ നമ്പർ സഹിതം എപ്പോൾ വരണമെന്ന അറിയിപ്പ് ലഭ്യമാകും. ലോക്ക് ഡൌൺ ഇളവുകൾ വന്നതോടെ സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടിയ സാഹചര്യത്തിലാണ് കാസർകോട് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് ആശുപത്രിയിലെത്തി ടോക്കൺ എടുക്കാവുന്നതാണ്.

Content Highlights; Kasaragod General Hospital (GH) has introduced a ‘virtual Q’ mobile app