വ്ളാദിമിർ പുടിന് 2036 വരെ പ്രസിഡൻ്റായി തുടരാം; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

Vladimir Putin to stay in power until 2036 after Russian voters back constitutional reforms

റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിന് 2036 വരെ പ്രസിഡൻ്റായി തുടരാൻ അനുമതി. പുടിന് അധികാരത്തിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിയ്ക്ക് റഷ്യൻ വോട്ടർമാർ അംഗീകാരം നൽകി. 76.5 ശതമാനം പേരാണ് പുടിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. ഏഴ് ദിവസം നീണ്ടു നിന്ന തെരഞ്ഞെടുപ്പിൽ 65 ശതമാനം പേർ വോട്ടു ചെയ്തതായി റഷ്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

20 വർഷമായി പ്രസിഡൻ്റായും പ്രധാനമന്ത്രിയായും പുടിൻ റഷ്യയിൽ അധികാരത്തിലുണ്ട്. നിലവിലെ പ്രസിഡൻ്റ് സ്ഥാനം 2024 വരെയാണുള്ളത്. പുതിയ നിയമ ഭേദഗതിയിലൂടെ 2030ലും 2036ലും പുടിന് പ്രസിഡൻ്റായി തുടരാം. വോട്ടെടുപ്പിൻ്റെ അവസാന ദിവസം ദേശിയ അവധിയായി പ്രഖ്യാപിക്കുകയും വോട്ടർമാർക്ക് പാരിതോഷികം നൽകുകയും ചെയ്തു. അപ്പാർട്ടുമെൻ്റുകളും കാറുകളും പണവും വാഗ്ദാനം ചെയ്തു. ഈ വോട്ടെടുപ്പ് വെറും തട്ടിപ്പാണെന്നും പൊതുജനാഭിപ്രായം പ്രതിഭലിക്കുന്നില്ലെന്നും പുടിൻ്റെ കടുത്ത വിമർശകനായ അലക്സി നവാലി പറഞ്ഞു. 

ഭരണഘടനാ ഭേദഗതി റഷ്യൻ പാർലമെൻ്റ് നേരത്തെ പാസാക്കിയിരുന്നു. അതേസമയം ജന പിന്തുണ ഇതിനാവശ്യമാണെന്ന് പുടിൻ പറഞ്ഞതിനെ തുടർന്നാണ് ഹിതപരിശോധന നടത്തിയത്. ഏപ്രിൽ 22ന് നടത്താനിരുന്ന ഹിതപരിശോധന കൊറോണ വെെറസ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. റഷ്യയ്ക്ക് സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താൻ ഭേദഗതികൾ അനിവാര്യമാണെന്ന് പുടിൻ വ്യക്തമാക്കി. 

content highlights: Vladimir Putin to stay in power until 2036 after Russian voters back constitutional reforms