പ്രധാനമന്ത്രി ലഡാക്കില്‍: അപ്രതീക്ഷിത സന്ദര്‍ശനം; ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യും

ലഡാക്/ന്യൂഡല്‍ഹി: ജൂണ്‍ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക് സന്ദര്‍ശനം. ഇന്ന് പുലര്‍ച്ചെയാണ് നിലവിലത്തെ സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി ലഡാക്കിലെത്തി ചേര്‍ന്നത്. ഡിഫന്‍സ് സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, സൈനിക മേധാവി എംഎം നരവനെ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

പ്രധാനമന്ത്രി മോദി ഇപ്പോള്‍ നിമുവിലെ ഫോര്‍വേഡ് ലൊക്കേഷനുകളിലൊന്നിലാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അതിരാവിലെ അദ്ദേഹം അവിടെയെത്തിയതായും, കരസേന, വ്യോമസേന, ഐടിബിപി (ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) എന്നിവരുമായി അദ്ദേഹം സംവദിക്കുമെന്നും ഓഫീസ് അറിയിച്ചു. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കടുപ്പമേറിയ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് നിമുവെന്നും ഓഫീസ് പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ വിഷയമായിരുന്നു. ‘ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തില്‍ കണ്ണ് വെച്ചവര്‍ക്ക് ഉചിതമായ പ്രതികരണമാണ് ലഭിച്ചത്. സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യക്ക് അറിയാമെങ്കില്‍, മതിയായ പ്രതികരണം നല്‍കാനും കഴിയും. മാതൃഭൂമിയുടെ ബഹുമാനം കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഞങ്ങളുടെ ധീരരായ സൈനികര്‍ വ്യക്തമാക്കി, ”പ്രധാനമന്ത്രി മോദി പറഞ്ഞു.

ജൂണ്‍ 15 ന് രാത്രിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 45ഓളം ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റതായാണ് ഇന്ത്യന്‍ സേനയുടെ വിലയിരുത്തല്‍.

Content Highlight: PM In Ladakh After June 15 Clash With China, Interacts With Troops