സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കത്തയച്ചു. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണം, ക്രിമിനൽ പശ്ചാത്തലം, സ്വജ്ജന പക്ഷപാതം എന്നീ ആരോപണങ്ങൾ എടുത്ത് പറഞ്ഞാണ് ചെന്നിത്തല യെച്ചൂരിക്ക് കത്തയച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ നയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉള്ള നഗ്നമായ വ്യതിചലനമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും കത്തിൽ വ്യക്തമാക്കി.
കേരളത്തെ പിടിച്ച് കുലുക്കിയ നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സർക്കാരിൻ്റെ ഐ ടി സെക്രട്ടറിയുമായിരുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ശിവശങ്കരനും കള്ളക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്.
പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാന മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കി കൊണ്ട് അതിരുകളില്ലാത്ത അധികാരമാണ് ശിവശങ്കർ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം ഉയർത്തുന്ന എല്ലാ ആശയങ്ങൾക്കും എതിരായാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഭരണമെന്നും, ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തിന് സിപിഎമ്മിന്റെ സമുന്നതനായ നേതാവെന്ന നിലയില്‍ യെച്ചൂരി മറുപടി പറയണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു. സ്വന്തം ഓഫീസ് അഴിമതിക്കാര്‍ക്കും സ്വര്‍ണക്കടത്തിനും മറ്റു ഇടപാടുകള്‍ക്കും തുറന്നിട്ടു കൊടുത്ത പിണറായി വിജയനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപെട്ടു.
Content Highlights; ramesh chennithala sent letter to cpm general secretary sitaram yechuri