ടിക് ടോക് വാങ്ങാൻ മെെക്രോസോഫ്റ്റ് ഒരുങ്ങുന്നു?; ചെെനീസ് കമ്പനികൾക്കെതിരെ ഡോണാൾഡ് ട്രംപ്

Microsoft in talks to buy TikTok, as the US considers banning the app: Report

ചെെനീസ് ആപ്പായ ടിക് ടോക്കിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി അമേരിക്ക. യുഎസിലെ പ്രവർത്തനങ്ങൾ വിൽക്കാൻ ഉടമകളായ ബെെറ്റ്ഡാൻസിനോട് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ചെെനീസ് രഹസ്യാനേഷണ വിഭാഗം ടിക് ടോക്കിൻ്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിലാണ് ട്രംപിൻ്റെ പുതിയ നീക്കം. അതേസമയം ടിക് ടോക്കിൻ്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മെെക്രോസോഫ്റ്റ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകൾ അന്വേഷിക്കുന്ന അമേരിക്കൻ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് ട്രംപിൻ്റെ പുതിയ തീരുമാനം.

ടിക് ടോക്കിനെ നിരീക്ഷിച്ച് വരികയാണ്. ചിലപ്പോൾ ഞങ്ങൾ നിരോധിക്കും. അല്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കും. ട്രംപ് വ്യക്തമാക്കി. ടിക് ടോക് കെെകാര്യം ചെയ്യുന്ന വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വിവാദത്തിന് കാരണം. വ്യക്തി വിവരങ്ങൾ ചെെനയ്ക്ക് വേണ്ടി ടിക് ടോക് ചോർത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്കയിലും ടിക് ടോക് നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ടിക് ടോകിൻ്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പനിക്ക് നൽകണമെന്ന ഉത്തരവിടാൻ ട്രംപിന് അധികാരമുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്. 

content highlights: Microsoft in talks to buy TikTok, as the US considers banning the app: Report