സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലകൾ പൊലീസിന് കെെമാറിയതിനെതിരെ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ രംഗത്തുവന്നു. കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെയടക്കം കണ്ടെത്താനുള്ള ചുമതല പൊലീസിനെ ഏൽപ്പിച്ചത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെ.ജി.എം.ഒ പറഞ്ഞു. ആരോഗ്യ രംഗത്ത് പരിശീലനം നേടിയവരാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. ആരോഗ്യപരമായ പ്രവർത്തനങ്ങൾ പൂർണമായും ആരോഗ്യപ്രവർത്തകർക്ക് തന്നെ നൽകണമെന്നാണ് കെജിഎംഒ ആവശ്യപ്പെടുന്നത്. ഈക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യൂണിയനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവകുപ്പിൻ്റെ ചുമതല പൊലീസിനെ ഏല്‍പ്പിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ ജോലികൾ പൊലീസിനെ ഏൽപ്പിച്ചത് ന്യായികരിക്കാൻ കഴിയില്ലെന്നും ആരോഗ്യപ്രവർത്തകരുടെ ജോലി അവർ തന്നെ ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന് കൂടുതൽ ചുമതല നൽകുകയാണെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി അറിയിച്ചത്.
content highlights: Handing over the work of the health department to the police is unacceptable says IMA