അയോധ്യ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പുതിയ ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമജന്മഭൂമിയില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. തറക്കല്ലിടുന്ന അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പാകാനായി ഒന്‍പത് കല്ലുകളാണ് പാകിയത്. പ്രധാനശിലയും എട്ട് ഉപശിലകളുമാണ് സ്ഥാപിച്ചത്. 1989ല്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ഭക്തര്‍ എത്തിച്ച കല്ലുകളാണ് ഇവയെന്ന് കാര്‍മികന്‍ അറിയിച്ചു. മൊത്തം ലഭിച്ച 2.75 ലക്ഷം കല്ലുകളില്‍ ശ്രീരാമന്റെ പേരു കൊത്തിയ നൂറ് കല്ലുകള്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തിയ നരേന്ദ്ര മോദി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ നിന്ന് പ്രധാനമന്ത്രിയ്ക്ക് വെള്ളിക്കിരീടം സമ്മാനിച്ചു. തുടര്‍ന്ന് രാംലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന താത്കാലിക ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. അതിനു ശേഷമായിരുന്നു പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തി ഭൂമി പൂജ നിര്‍വഹിച്ചത്.

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബ്‌റി മസ്ജിദ് 1992 ഡിസംബറിലാണ് കര്‍സേവകര്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായി കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ അന്വേഷണം നേരിടുന്നുണ്ട്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമവ്യവഹാരത്തിനു ശേഷമാണ് തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും മസ്ജിദ് നിര്‍മിക്കാനായി അഞ്ചേക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും 2019ല്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

Content Highlight: Ayodya Temple construction begin by PM Modi