കറുത്ത വർഗക്കാരിയുടെ ഫോട്ടോ നീക്കി ഇൻസ്റ്റാഗ്രാം; വ്യാപക പ്രതിഷേധം

Instagram ‘censorship’ of black model's photo reignites claims of race bias

കറുത്ത വർഗക്കാരിയായ മോഡൽ ന്യോമേ നിക്കോളാസ് വില്യംസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ നീക്കം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഫോട്ടോഗ്രാഫർ അലക്സാന്ദ്ര കാമറോൺ പകർത്തിയ ന്യോമേ നിക്കോളാസിൻ്റെ ചിത്രത്തിന് വലിയ പിന്തുണ ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഇൻസ്റ്റാഗ്രം നീക്കിയത് എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. ചിത്രം നീക്കിയതിന് പിന്നാലെ അക്കൗണ്ടും നീക്കം ചെയ്യപ്പെട്ടേക്കാം എന്ന മുന്നറിയിപ്പും ഇൻസ്റ്റാഗ്രം നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിക്കോളാസിൻ്റെ നൂറ് കണക്കിന് ആരാധകർ പിന്തുണ അറിയിച്ച് രംഗത്തെത്തി. #IwanttoseeNyome എന്ന ഹാഷ് ടാഗില്‍ ഇവര്‍ പ്രതികരണം രേഖപ്പെടുത്തി.

‘വെളുത്ത വർഗക്കാരായ മോഡലുകളുടെ ലക്ഷകണക്കിന് നഗ്ന ചിത്രങ്ങൾ ദിവസേന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു കറുത്ത തടിച്ച സ്ത്രി തൻ്റെ ശരീരത്തിൻ്റെ സൌന്ദര്യം പ്രദർശിച്ചപ്പോൾ അക്കൗണ്ട് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പാണ് ഉണ്ടായത്’. നിക്കോളാസ് വില്യംസ് പറഞ്ഞു. തന്‍റെ കരിയറില്‍ ഇത്തരം ഒരു അനുഭവം ഇതാദ്യമാണെന്നായിരുന്നു ഫോട്ടോ പകർത്തിയ അലക്സാന്ദ്ര കാമറോൺ പ്രതികരിച്ചത്. പ്ലേ ബോയ്‌ ഉൾപ്പെടെയുള്ള പേജുകളില്‍ ദിവസവും വന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ആസ്വദിക്കുന്ന ഒരു സമൂഹത്തിനു എന്ത് കൊണ്ടാണ് ഒരു കറുത്ത വര്‍ഗക്കാരിയായ മോഡലിന്‍റെ ചിത്രത്തിനോട് ഇത്ര അസഹിഷ്ണുത എന്ന് കാമറോൺ വിമർശിച്ചു. എന്നാൽ, ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ആൽഗൊരിതത്തിൻ്റെ പ്രവർത്തനം മൂലമാണ് ചിത്രം ഡിലീറ്റ് ആയതെന്നായിരുന്നു ഇന്‍സ്റ്റാഗ്രം സിഇഒ ആദം മോസ്സറിയുടെ പ്രതികരണം.

content highlights: Instagram ‘censorship’ of black model’s photo reignites claims of race bias