ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്ക; ട്രംപിനെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്

Election 2020: Biden and Harris speak together in Delaware

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വന്തം ജോലി ശരിക്ക് ചെയ്യാനറിയാത്ത ആളാണെന്ന് ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചരണ യോഗത്തിലാണ് കമല ട്രംപിനെതിരെ ആഞ്ഞടിച്ചത്. ഒരു നേതാവിന് വേണ്ടി അമേരിക്ക കരയുകയാണെന്നും കമല പറഞ്ഞു. ‘ശല്യക്കാരിയായ സെനറ്റാറാണ് കമല’ എന്ന് ട്രംപ് ആക്ഷേപിച്ചതിന് മറുപടി കൂടിയായിട്ടാണ് കമലയുടെ പ്രതികരണം. ജോ ബൈഡൻ്റെ സ്വന്തം നാടായ ഡെലവറിലെ വിൽമിംഗ്ടണിലായിരുന്നു കമലാ ഹാരിസുമൊത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ആദ്യത്തെ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

വ്യാഴാഴ്ചയായിരുന്നു വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ജോ ബൈഡൻ കമലയെ നാമനിർദേശം ചെയ്തത്. അമേരിക്കയുടെ ചരിത്രത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും ആഫ്രിക്കൻ വനിതയുമാണ് കമലാ ഹാരിസ്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന വൻ പ്രക്ഷോഭം അരങ്ങേറിയ അമേരിക്കയിൽ കമലാ ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ ചരിത്ര പ്രാധാന്യമാണ് ഉള്ളത്. വിജയിച്ചാൽ ഇന്ത്യയ്ക്കും അഭിമാന നിമിഷമാകും. കൊവിഡ് പ്രതിരോധം ഉയർത്തി കാണിച്ചു കൊണ്ടാണ് കമലാ ഹാരിസ് ട്രംപിനെതിരെ ആഞ്ഞടിക്കുന്നത്. എബോള രോഗ ബാധയുണ്ടായപ്പോൾ മരിച്ചത് വെറും രണ്ട് അമേരിക്കക്കാർ മാത്രമായിരുന്നുവെന്നും, അന്നത്തെ പ്രസിഡൻ്റ് ഒബാമയും വൈസ് പ്രസിഡൻ്റ് ബൈഡനുമായിരുന്നുവെന്നും കമല ഓർമ്മിപ്പിച്ചു.

കൊവിഡ് കാലത്ത് സാമ്പത്തിക രംഗത്തെ അമേരിക്കയുടെ നിലനിൽപ്പ് ട്രംപ് താളം തെറ്റിച്ചതായും കമല വ്യക്തമാക്കി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണ നടപടികളാണ് ഒബാമ- ബൈഡൻ ഭരണ കാലത്തുണ്ടായതെന്നും അത് ട്രംപിൻ്റെ കാലത്ത് നിലം പൊത്തിയതായും കമല വ്യക്തമാക്കി. സ്വന്തം ജോലി ചെയ്യാനറിയാത്ത ആളെ ഈ പണി ഏൽപ്പിച്ചാൽ ഇങ്ങനെയുണ്ടാകുമെന്നും അമേരിക്കയുടെ അവസ്ഥ കീറിപറഞ്ഞ നിലയിലാണെന്നും കമല ആഞ്ഞടിച്ചു. നവംബറിലാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞടുപ്പ് നടക്കേണ്ടത്. ലോകത്ത ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക.

Content Highlights; Election 2020: Biden and Harris speak together in Delaware