കൊവിഡിനെതിരെ മൂന്ന് വാക്സിനുകൾ വികസിപ്പിച്ചെടുത്തെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിൻ്റെ നിർണായക ഘട്ടങ്ങളിലാണെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ. ഇക്കാര്യത്തിനായി അനുമതി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാശ്രയ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു പ്രധാനമന്ത്രി പ്രസംഗം.

രാജ്യത്തെ ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിൻ്റെ ഭാഗമായി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകും. തീരദേശമേഖലയിലെ 173 ജില്ലകളിൽ ഒരു ലക്ഷം എൻസിസി കേഡറ്റുകളെ നിയോഗിക്കും. ആറുലക്ഷം ഗ്രാമങ്ങളിൽ ആയിരം ദിവസത്തിനകം ഒപ്ടിക്കൽ ഫെെബർ യഥാർഥ്യമാക്കും. വരുന്ന ആയിരം ദിവസത്തിനുള്ളിൽ ലക്ഷദ്വീപിൽ ഒപ്ടിക്കൽ ഫെെബർ യഥാർത്ഥ്യമാക്കും. 110 പിന്നോക്ക ജില്ലകളെ വികസനപാതയിൽ എത്തിക്കും. അദ്ദേഹം പറഞ്ഞു

രാജ്യത്തെ ഉത്പാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമ്മിക്കണം. കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ 18 ശതമാനത്തിൻ്റെ വർധനയുണ്ടായെന്നും ഇത് രാജ്യം നടപ്പിലാക്കുന്ന നയങ്ങൾക്കുള്ള അംഗീകാരമാണെന്നും മോദി പറഞ്ഞു. കൊറോണയ്ക്കെതിരെ പോരാടിയ ആരോഗ്യ പ്രവർത്തകരെ ആദരമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. 

content highlights: PM Modi says India ready to mass-produce the covid-19 vaccine