ജനം ടിവി നടത്തുന്നത് ഒരു കൂട്ടം ദേശസ്നേഹികൾ; ചാനൽ ബിജെപിയുടേത് അല്ലെന്നും കെ സുരേന്ദ്രൻ

K Surendran says Janam TV is not a BJP channel

ജനം ടിവി ബിജെപി ചാനൽ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണ്ണക്കടത്തുകേസിൽ ജനം ടി.വി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പാർട്ടിക്കും ചാനലിനും ഒരു ബന്ധവും ഇല്ലെന്ന നിലപാടുമായി കെ. സുരേന്ദ്രൻ എത്തിയത്. 

ദേശസ്റ്റേഹികളായ കുറേയാളുകൾ നടത്തുന്ന ചാനലാണ് ജനമെന്നും ബിജെപിക്കാർ നിയന്ത്രിക്കുന്ന ചാനൽ അല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അനിൽ നമ്പ്യാരെ എൻ.ഐ.എ വിളിച്ചത് താൻ അറിഞ്ഞിട്ടില്ലെന്നും അങ്ങനെ വിളിപ്പിച്ചിട്ടുണ്ടോ  ഉണ്ടെങ്കിൽ പോയിവരട്ടെ. അത് ബിജെപിയുമായി കൂട്ടികുഴയ്ക്കരുതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

അനിൽ നമ്പ്യാർ തന്നെ വിളിച്ച് സ്വർണം പിടിച്ചത് നയതന്ത്ര ബാഗേജിൽ നിന്നല്ലെന്നും സ്വകാര്യ ബാഗേജിൽ നിന്നാണെന്ന് പറയണമെന്നും ഉപദേശിച്ചതായി  സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ഈക്കാര്യം ചോദിച്ചപ്പോൾ അങ്ങനെ മൊഴി നൽകിയതിൻ്റെ തെളിവുണ്ടോ എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ബിജെപിയുമായി കൂട്ടിക്കുഴക്കുന്നത് എന്തിനാണെന്നും ഇതിലെവിടെയാണ് രാഷ്ട്രീയം ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. 

content highlights: K Surendran says Janam TV is not a BJP channel