അന്താരാഷ്ട്ര വാക്സിൻ വികസന ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനില്ലെന്ന് അമേരിക്ക. കൊവിഡ് 19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ സഹകരിക്കാൻ കഴിയില്ലെന്ന് വെെറ്റ് ഹൗസ് വക്താവ് അറിയിച്ചു.
അഴിമതി നിറഞ്ഞ ലോകാരോഗ്യ സംഘടനയോടും ചെെനയോടും വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് സഹകരിക്കില്ലെന്നും എന്നാൽ തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുടെ നേതൃത്വത്തിൽ നടക്കുന്ന വാക്സിൻ വികസനങ്ങൾക്ക് പിന്തുണ നൽകുമെന്നും വെെറ്റ് ഹൗസ് വക്താവ് ജൂഡ് ദീരെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ അമേരിക്കയിൽ വാക്സിൻ വികസന പ്രവർത്തനങ്ങളിൽ പുരോഗതി കെെവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് സംഘടനയ്ക്ക് നൽകുന്ന ഫണ്ട് ട്രംപ് താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ തീരുമാനം.
content highlights: U.S. Won’t Join Global Coronavirus Vaccine Effort Because It’s Led By The WHO