രണ്ട് തവണ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ട്രംപ്; വിവാദം

വാഷിങ്ടണ്‍: രണ്ട് തവണ വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട് പോളിങ് ബൂത്തിലെത്തിയും, മെയില്‍ വഴിയും വോട്ട് രോഖപ്പെടുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഉത്തര കരോളിനയിലെ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രണ്ട് തവണ വോട്ട് രേഖപ്പെടുത്തുന്ന രീതി ഉത്തര കരോളിനയില്‍ കുറ്റകൃത്യമാണെന്നിരിക്കെയാണ് ട്രംപിന്റെ ആഹ്വാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്തര കരോളിന അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ മെയിലിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച്ചയാണ് ഇവിടെ വോട്ടെടുപ്പ്.

മെയിലിലൂടെയുള്ള തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് കാരണമാകുമെന്ന ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. നിയമലംഘനത്തിനാണ് ട്രംപ് പ്രേരിപ്പിക്കുന്നതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് സ്‌റ്റൈന്‍ പ്രതികരിച്ചു. നിങ്ങള്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പ് വരുത്തണമെന്നും എന്നാല്‍ അത് രണ്ട് തവണയല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, മെയിലിലൂടെ വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ നേരിട്ടെത്തി വോട്ട് ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടതെന്നും, രണ്ട് തണ വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

Content Highlight: Trump Encourages Supporters To Try To Vote Twice, Sparking Uproar