സ്ത്രീ വിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ചെന്നിത്തല നടത്തിയ പരാമര്‍ശം വിവാദമായത്. വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിവാദ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന്  ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മനസ്സില്‍ ഉദ്ധേശിക്കാത്ത പരാമര്‍ശമാണ് ഉണ്ടായതെന്ന് ചെന്നിത്തല പ്രതികരിച്ചു. പൊതു ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടാണെങ്കിലും സ്ത്രീകളുടെ മനസ്സിന് നേരിയ പോറല്‍ പോലും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍…

Gepostet von Ramesh Chennithala am Mittwoch, 9. September 2020

കഴിഞ്ഞ ദിവസം സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളുവെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്ന ചെന്നിത്തലയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ വഴിവെച്ചത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവിനെതിരേ ഉയര്‍ന്നത്.

Content Highlight: Ramesh Chennithala regrets his controversial remarks