തലസ്ഥാനത്ത് സംഘര്‍ഷം, ലാത്തിച്ചാര്‍ജ്; യൂത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: മന്ത്രിമാരായ കെ ടി ജലീലിന്റെയും ഇ പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ മാര്‍ച്ച് പല ജില്ലകളിലും വന്‍ സംഘര്‍ഷങ്ങളാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, എന്നിവിടങ്ങളില്‍ വന്‍ പ്രക്ഷോഭങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തിയത്.

പലയിടത്തും പോലീസ് ലാത്തിവീശി. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി വീശലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മന്ത്രി ഇ.പി ജയരാജന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ കീച്ചേരിയിലെ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാപ്പിനിശ്ശേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. കെഎസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

Content Highlights: Protests demanding Jaleel’s resignation; protest in Kozhikode and Palakkad