കെ ടി ജലീലിനെതിരെ കസ്റ്റംസ് കേസ്; കേസ് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍

കൊച്ചി: മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരെ കസ്റ്റംസ് കേസ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഇന്നും മന്ത്രിയെ ചോദ്യം ചെയ്യും.

നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണ്. മന്ത്രി നടത്തിയ മതഗ്രന്ഥ വിതരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടീമിനെയാണ് കസ്റ്റംസ് നിയോഗിച്ചിരിക്കുന്നത്.

ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടിയും മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്.

മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. നയതന്ത്ര ചാനല്‍ പരിരക്ഷയുടെ മറവിലാണ് കേരളത്തില്‍ മതഗ്രന്ഥങ്ങളെത്തിച്ച് വിതരണം നടത്തിയത്.

Content Highlight: Customs took case against K T Jaleel on Distribution of Religious books