ടാസ്മേനിയ തീരത്ത് 270 ഓളം തിമിംഗലങ്ങൾ കുടുങ്ങി; 25 ലധികം തിമിംഗലങ്ങൾ ചത്തതായി റിപ്പോർട്ട്

25 Whales Feared Dead, Around 270 Stranded Off Australia's Tasmania

ആസ്ട്രേലിയൻ ദ്വീപായ ടാസ്മേനിയിലെ പടിഞ്ഞാറൻ തീരത്തായി 270 ലധികം തിമിംഗലങ്ങൾ കുടുങ്ങി. ഇവയെ രക്ഷപെടുത്താനുള്ള നടപടികൾ ഗവൺമെൻ്റ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. 7 മീറ്റർ നീളവും 3 ടൺ ഭാരവും വരുന്ന ഡോൾഫിൻ വിഭാഗത്തിൽ പെടുന്ന പെെലറ്റ് തിമിംഗലങ്ങളാണ് ദ്വീപിൻ്റെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. 25 തിമിംഗലങ്ങൾ ചത്തിട്ടുണ്ടെന്നാണ് തീരദേശ പരിപാലന സംഘത്തിലെ വിദഗ്ധർ പറയുന്നത്. വെള്ളത്തിലായത് കൊണ്ടുതന്നെ ഇവയുടെ അവസ്ഥ എന്താണെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും ഇവർ പറഞ്ഞു. ടാസ്മെനിയയിൽ ഇത്തരത്തിൽ തിമിംഗലങ്ങൾ തീരത്ത് കുടുങ്ങാറുണ്ടെങ്കിലും ഇത്രയധികം തിമിംഗലങ്ങൾ ആദ്യമാണെന്നാണ് അധികൃതർ പറയുന്നത്. തീരത്തിൻ്റെ ആഴമില്ലാത്ത ഭാഗങ്ങളിലായി മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇവ കുടുങ്ങി കിടക്കുന്നത്. 

2009ൽ 200 ലധികം തിമിംഗലങ്ങൾ തീരത്ത് കുടുങ്ങിയിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ തിമിംഗലങ്ങൾ കരയ്ക്ക് അടിയുന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരുമിച്ച് കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങൾ കടൽതീരമാകുന്നത് തിരിച്ചറിയാതെ കരയിലേക്ക് കയറി വരികയും അപകടത്തിൽ പെടുകയോ മുറിവേൽക്കുകയോ ചെയ്യുന്ന തിമിംഗലത്തിന് ചുറ്റും ഒന്നിച്ചു കൂടുന്നതുമായിരിക്കാം ഈ സാഹചര്യത്തിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. തിമിംഗലങ്ങളുടെ കൂട്ടമായുള്ള സഞ്ചാരവും സംഘങ്ങൾക്ക് ഉള്ളിലെ ശക്തമായ ബന്ധവുമാണ് ഇവയെ ഒറ്റപ്പെട്ട് കുടുങ്ങി പോകാൻ ഇടയാക്കുന്നതെന്നാണ് തിമിംഗല ഗവേഷകയായ ഒലായ് മെയ്നേക്കെ പറയുന്നത്.

content highlights: 25 Whales Feared Dead, Around 270 Stranded Off Australia’s Tasmania