ലോകത്തെ സ്വാധീനിച്ച വ്യക്തികള്‍; ടൈം മാഗസിന്‍ പട്ടികയില്‍ മോദിക്കൊപ്പം ഷഹീന്‍ബാഗ് ദാദിയും

മുംബൈ: ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇടം നേടി ഷഹീന്‍ബാഗ് സമരത്തിന്റെ മുഖമായ ബില്‍ക്കീസും ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയും. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടന്ന സമരത്തിലാണ് എണ്‍പത്തിരണ്ടുകാരിയായ ബില്‍ക്കീസ് ശ്രദ്ധ നേടിയത്. ബില്‍ക്കിസ്, രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായെന്നു മാധ്യമപ്രവര്‍ത്തകയായ റാണ അയൂബ് വിശദീകരിക്കുന്നു.

ലീഡര്‍ വിഭാഗത്തിലാണ് മോദി ഉള്‍പ്പെട്ടത് ഐക്കണ്‍ വിഭാഗത്തിലാണ് ബില്‍ക്കിസ്. നേരത്തെ 2014, 15, 17 വര്‍ഷങ്ങളിലും മോദി പട്ടികയില്‍ ഇടം നേടിയിരുന്നു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മോദി സംശയത്തിന്റെ നിഴലിലാക്കിയെന്ന്, വ്യക്തിചിത്രമെഴുതിയ ടൈമിന്റെ എഡിറ്റര്‍ കാള്‍ വിക്ക് അഭിപ്രായപ്പെട്ടു.

നടന്‍ ആയുഷ്മാന്‍ ഖുറാന(36) 2012ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദം ലഗാ കേ ഹയിഷ, ബറേലി കി ബര്‍ഫി, ശുഭ് മംഗള്‍ സാവ്ധാന്‍ തുടങ്ങിയവയാണ് ആയുഷ്മാന്റെ പ്രമുഖ സിനിമകള്‍. 100 പേരുടെ പട്ടികയില്‍ ഏറ്റവും പ്രായംകുറഞ്ഞയാള്‍ ആയുഷ്മാന്‍ ഖുറാന ആണ്. ദേശീയ അവാര്‍ഡ് ജേതാവുമാണ് ഇദ്ദേഹം. ഇന്ത്യന്‍ വംശജരായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ലണ്ടനിലെ ഡോക്ടര്‍ രവീന്ദ്ര ഗുപ്ത എന്നിവരും ടൈം മാഗസിന്‍ പട്ടികയിലുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ, ബഹിരാകാശത്ത് ഏറ്റവുമധികം ദിവസം ചെലവഴിച്ച വനിതയെന്ന റെക്കോര്‍ഡ് നേടിയ ക്രിസ്റ്റിന കോച്ച്, ആലിബാബ ചെയര്‍മാനും സിഇഒയുമായ ഡാനിയല്‍ ഷാങ്, ഗായിക സെലീന ഗോമസ് തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

Content Highlight: PM Modi, Shaheen Bagh Dadi On TIME’s “Most Influential People of 2020”