കാര്‍ഷിക ബില്‍: സമരം ശക്തം; കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം ശക്തമാക്കി രാജ്യത്തുടനീളമുള്ള കര്‍ഷകര്‍. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയില്‍ ഗതാഗത്തെ പോലും നിശ്ചലമാക്കിയാണ് കര്‍ഷക പ്രക്ഷോഭം. കൂടാതെ, കേരളത്തിന് പിന്നാലെ കാര്‍ഷിക ബില്ലിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. രാഷ്ട്രപതി ബില്ലില്‍ ഒപ്പു വെച്ച ശേഷം ഹര്‍ജിയുമായി കോടതിയെ സമീപിക്കാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം.

അതേസമയം, കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘടനകള്‍ക്കൊപ്പം തന്നെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളും. കാര്‍ഷിക ബില്ലിനൊപ്പം തൊഴില്‍ കോഡ് ബില്ലിനെതിരെയും പ്രതിഷേധം ശക്തമാണ്.

Content Highlight: Protest on farm Bill on its peak