തിരുവനന്തപുരം: കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് ഒരു മാസത്തെ ആശുപത്രി വാസത്തില്‍ കഠിനമായ ദുരനുഭവങ്ങള്‍. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍കാവ് സുനില്‍ കുമാറിനാണ് കൊവിഡ് ചികിത്സാ കാലയളവില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. ശരീരം മുഴുവന്‍ എല്ലും തോലുമായി ദേഹമാസകലം പുഴുവരിച്ച നിലയിലാണ് കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ വീട്ടിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നല്കി.
അസഹ്യമായ ദുര്‍ഗന്ധം തോന്നിയതോടെ ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് വന്ന സുനില്‍ കുമാറിന്റെ ശരീരം പരിശോധിച്ചപ്പോഴാണ് മുറിവുകളും പുഴു നുരക്കുന്നതും കുടുംബം കണ്ടെത്തിയത്. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് തലയിലെ മുറിവിലും പുഴുവരിക്കു്നന അവസ്ഥയിലായിരുന്നു. വീഴ്ച്ചയില്‍ ശരീരത്തിന് തളര്‍ച്ച ബാധിച്ചതോടെയാണ് സുനില്‍ കുമാറിനെ ഐസിയുവിലേക്ക് മാറ്റിയത്. പിന്നീടാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ കൂട്ടിരുന്നവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആശുപത്രിയിലേക്ക് വിളിച്ച് അന്വേഷിക്കുമ്പോള്‍ രോഗി സുഖമായിരിക്കുന്നവെന്ന മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നതെന്നും കുടുംബം പ്രതികരിച്ചു. ഒരു മാസം കൊണ്ട് ശരീരം എല്ലും തോലുമായതോടെ ഇദ്ദേഹത്തിന് ഭക്ഷണമെന്തെങ്കിലും നല്‍കിയിരുന്നോയെന്ന സംശയവും കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
Content Highlight: Worms in covid patient body, complaint