കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സുരേന്ദ്രന്‍ സമരം അവസാനിപ്പിക്കില്ലെന്ന് അരിയിച്ചത്. കൊവിഡ് പ്രതിരോധം നിശ്ചയിക്കാന്‍ ഇന്ന് വിളിച്ച് ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. സമരത്തില്‍ എത്ര ആളുകള്‍ വേണം എന്ന കാര്യത്തിലൊക്കെ ചര്‍ച്ച ആവാം. രാജ്യം മുഴുവന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം നടക്കുന്നു എന്നാണ് പറയുന്നത്. മോദി സര്‍ക്കാരിനെതിരെ സമരം ആകാം, പിണറായി സര്‍ക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നതാണ് ബിജെപിയുടെ ചോദ്യം” സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതപക്ഷ പാര്‍ട്ടികള്‍ നടത്തിയ സമരം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ആരോഗ്യമന്ത്രിയടക്കം വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ നേരിട്ട നൂറോളം പൊലീസുകാര്‍ക്കാണ് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറുന്നതായി യുഡിഎഫ് അറിയിച്ചത്.

Content Highlight: K Surendran says BJP will Continue strike against Pinarayi Government