ലൈംഗികാരോപണ കേസിൽ സംവിധായകൻ അനുരാഗ് കശ്യപിന് മുംബൈ പോലീസിന്റെ നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് വെർസോവ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു നടി അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതുമായി ബന്ധപെട്ട് നടി കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷ്യാരിയെ നേരിട്ടു കണ്ടിരുന്നു. തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണമെന്ന് ആവശ്യപെട്ട് മുംബൈ പോലീസ് കമ്മീഷണറേയും നടി സമീപിച്ചിരുന്നു.
പരാതിയിൽ സംവിധായകന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതികരിച്ചതിനോടൊപ്പം പരാതിക്ക് നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ഇരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നടിയുടേത് കെട്ടിച്ചമച്ച ആരോപണമാണെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കിയിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Content Highlights; Mumbai Police summons filmmaker Anurag Kashyap in connection with sexual assault case