ഫോണെന്നല്ലെ പറഞ്ഞൊള്ളു, ഗോൾഡെന്ന് പറഞ്ഞില്ലല്ലോ; ഐ ഫോൺ കെെപ്പറ്റിയ ആരോപണത്തിൽ പരിഹാസവുമായി രമേശ് ചെന്നിത്തല

Ramesh chennithala on iPhone controversy

വടക്കാഞ്ചേരി ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ സ്വപ്ന വഴി പ്രതിപക്ഷ നേതാവിന് ഫോൺ നൽകിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പൻ്റെ വെളിപ്പെടുത്തൽ വീണ്ടും നിഷേധിച്ച് രമേശ് ചെന്നിത്തല. യുഎഇ ദിനാചരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ ഐഫോൺ തന്നിട്ടുമില്ല. വാങ്ങിയിട്ടുമില്ല. ഫോണെന്നല്ലെ പറഞ്ഞൊള്ളു, ഗോൾഡെന്ന് പറഞ്ഞില്ലല്ലോ. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ വലിയ പ്രശ്നമായി പോയേനെ എന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തൻ്റെ കയ്യിൽ ഇരിക്കുന്നതെന്നും ഇതുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട സ്ഥനങ്ങളിലുള്ളവർക്കെതിരെ നടത്തുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ഈപ്പൻ എന്ന് പറയുന്നയാളെ കണ്ടിട്ടുപോലും ഇല്ലെന്നും തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മാറ്റാർക്കെങ്കിലും കൊടുത്തതായിരിക്കാം എന്നും ചെന്നിത്തല പറഞ്ഞു.  

നിർമ്മാണ കമ്പനിയായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഹെെക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചെന്നിത്തലയ്ക്ക് ഫോൺ നൽകിയ കാര്യം അറിയിച്ചത്. ലെെഫ് മിഷൻ ഫ്ലാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷൻ ഇനത്തിൽ സ്വപ്നയ്ക്ക് കെെമാറിയിരുന്നുവെന്നാണ് സന്തോഷ് ഈപ്പൻ്റെ വെളിപ്പെടുത്തൽ. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് ഫോണുകൾ വാങ്ങിയതെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് കൊടുത്തെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവിനെതിരെ വിമർശനങ്ങൾ ഉയർന്നത്. 

content highlights: Ramesh chennithala on iPhone controversy