കേരളത്തില്‍ ഒക്ടോബര്‍ 15ന് ശേഷം സ്‌കൂളുകള്‍ തുറക്കില്ല

തിരുവനന്തപുരം: അണ്‍ലോക്ക് 5 ല്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കി കേന്ദ്രം. എന്നാല്‍ ഒക്ടോബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ തുറക്കുന്നില്ലെന്ന തീരുമാനത്തിലാണ് കേരളം. തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും പകുതി പേരെ പ്രവേശിപ്പിക്കാമെന്ന നിര്‍ദ്ദേശവും താല്‍കാലികമായി നടത്തില്ലെന്ന തീരുമാനത്തിലാണ് കേരളം.

വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും നൂറ് പേരെ വീതം പങ്കെടുപ്പിക്കാമെന്ന നിര്‍ദ്ദേശവും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിവാഹ ചടങ്ങുകള്‍ക്ക് 50 പേരും, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും എന്ന കണക്ക് തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സാമൂഹിക അകല പാലനം ഉറപ്പു വരുത്തുന്നതിന് വേണമെങ്കില്‍ 144 പ്രഖ്യാപിക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Schools will not open in Kerala on Unlock 5