ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മിച്ച അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

റോത്താംഗ്: രാജ്യത്തിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. തുരങ്കത്തിന്റെ ദക്ഷിണ പോര്‍ട്ടിലാണ് ഉദ്ഘാടനം നടന്നത്. ഏഴ് മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്.

3,086 കോടി ചെലവിട്ടാണ് അടല്‍ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിനുള്‍പ്പെടെ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് രോത്താംഗിലെ അടല്‍ തുരങ്കം. പത്ത് വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് തുരങ്കം നിര്‍മിച്ചത്. പദ്ധതിയില്‍ ഏറെയും മലയാളി തിളക്കമുണ്ടെന്നതും ശ്രദ്ധേയമാണ്.

മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.

Content Highlight: PM inaugurates Atal Tunnel