യൂണിടാക് എംഡിക്ക് രമേശ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണമെന്ന് ആവശ്യം

Ramesh chennithala send legal notice against unitac MD Santosh Eappan

ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട് യൂണിടാക് എം ഡി സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൽ നിന്നും പ്രതിപക്ഷ നേതാവ് ഐഫോൺ സ്വീകരിച്ചു എന്ന് സന്തോഷ് ഈപ്പൻ പറഞ്ഞതിനെതിരെയാണ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചത്. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന മൂന്ന് മാധ്യമങ്ങളിലെങ്കിലും പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. 

സ്വപ്ന പറഞ്ഞതനുസരിച്ച് കൊച്ചിയിലെ ഷോപ്പിൽ നിന്നും ആറ് ഐഫോണുകൾ വാങ്ങി നൽകിയെന്നും ഇതിൽ ഒരെണ്ണം രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്ന് സ്വപ്ന പറഞ്ഞെന്നും ഹെെക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഇത് പിന്നീട് രാഷ്ട്രീയ വിവാദമായി ഉയരുകയായിരുന്നു. താൻ ആരുടേയും കെെയ്യിൽ നിന്ന് ഐഫോൺ വാങ്ങിയിട്ടില്ലെന്നും സ്വന്തം പണം കൊടുത്ത് വാങ്ങിയ ഫോണാണ് ഉപയോഗിക്കുന്നതെന്നും ചെന്നിത്തല ആരോപണത്തിൽ പ്രതികരിച്ചിരുന്നു. ഐഫോൺ ആരോപണം സന്തോഷ് ഈപ്പനെകൊണ്ട് പറയിപ്പിച്ചത് സിപിഐഎമ്മാണെന്ന് രമേശ് ചെന്നിത്തല പറയുന്നു. 

content highlights: Ramesh chennithala send legal notice against unitac MD Santosh Eappan