ഹത്രാസിലെ പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. അതേസമയംഹത്രാസ് കൂട്ടബലാത്സംഗ കൊലയിൽ ഇരയുടെ കുടുംബത്തിന് എന്ത് സഹായം നൽകിയെന്ന് വിശദീകരിക്കണമെന്ന് യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി. നോട്ടീസ് നൽകുന്നതിന് മുമ്പ് തന്നെ ഇന്ന് സുപ്രിംകോടതിയിൽ കേസുമായി ബന്ധപെട്ട് യുപി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അസത്യമായ കാര്യങ്ങൾ പറയാൻ യുവതിയുടെ കുടുംബത്തിന് ചില സാമൂഹ്യ വിരുദ്ധ ശക്തികൾ പണം നൽകുന്നുണ്ടെന്ന് യുപി സർക്കാർ ആരോപിച്ചു.
കലാപം ഒഴിവാക്കുന്നതിനായി പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് രാത്രി മൃതദേഹം സംസ്കരിച്ചതെന്നും സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പകൽ മൃതദേഹം സംസ്കരിച്ചാൽ വലിയ തോതിൽ സംഘർഷവും സാമുദായിക കലാപവുമുണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയുരുന്നതായി യുപി സർക്കാർ പറഞ്ഞു. അസാധാരണ സാഹചര്യമായതു കൊണ്ടാണ് രാത്രി മൃതദേഹം സംസ്കരിച്ചതെന്നും സർക്കാർ വാദിച്ചു. കേസിൽ കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സത്യവാങ്മൂലത്തോടൊപ്പം ആവശ്യപ്പെട്ടു.
ചില സ്ഥാപിത താൽപര്യക്കാർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും തെറ്റായ വ്യാഖ്യാനങ്ങൾ അന്വേഷണത്തെ ബാധിക്കാതിരിക്കാൻ ഇടപെടണമെന്നും ഉത്തരർപ്രദേശ് സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അലിഗഢ് സർവ്വകലാശാലയിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ ഫോറൻസിക് റിപ്പോർട്ട് ആണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് അന്വേഷിക്കാൻ ഉത്തർപ്രദേശ് പോലീസ് സുപ്രിംകോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ മൂന്നിന് ഫോറൻസിക് വിഭാഗം പോലീസിന് നൽകിയ റിപ്പോർട്ടിലാണ് ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ കഴുത്തിലും പിൻഭാഗത്തും പരിക്കുകൾ ഉണ്ടായിരുന്നു. എന്നാൽ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചതിന്റെ ലക്ഷണമില്ലെന്നും ഫോറൻസിക് വിഭാഗം പോലീസിന് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
Content Highlights; Hathras case: UP govt seeks SC-monitored CBI probe