ലഹരിമരുന്ന് കേസ്: ആറു മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് ഇല്ല

ബെംഗളൂരു: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് ബിനീഷിനെ വിട്ടയച്ചത്. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും ഇഡി അറിയിച്ചു.

ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയെരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മുഖ്യപ്രതി അനൂപിന് സാമ്പത്തിക സഹായം ചെയ്ത 20 പേരെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

അനൂപിന്റെയും ബിനീഷിന്റെയും മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണ സംഘം പരിശോധിക്കും. ഇരുവരുടെയും മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. 20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപിന് ലഭിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ 20 അക്കൗണ്ടുകളുടെ ഉടമകളെയും അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചവരെയും അന്വേഷിക്കും.

Content Highlight: Bineesh Kodiyeri have no clean chit on Bengaluru drug case