വെർച്വൽ സംവാദം അംഗീകരിക്കാതെ ട്രംപ്; ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കി

വെർച്വൽ ഫോർമാറ്റിലുള്ള ഡിബേറ്റിൽ പങ്കെടുക്കില്ലെന്ന് ഡോണാൾഡ് ട്രംപ് അറിയിച്ചതോടെ ഒക്ടോബർ 15ന് നടത്താനിരുന്ന പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി. പ്രസിഡൻഷ്യൽ ഡിബേറ്റ് കമ്മീഷനാണ് ഈക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രംപും ബെെഡനുമായുള്ള മൂന്ന് സംവാദങ്ങളിൽ രണ്ടാമത്തേതാണിത്. മിയാമിയിലാണ് സംവാദ വേദി നിശ്ചയിച്ചിരുന്നത്. ട്രംപ് പങ്കെടുക്കുന്നില്ലെങ്കിലും ബെെഡൻ അന്ന് വെർച്വൽ വേദിയിൽ ജനങ്ങളോട് സംവദിക്കും. ഒക്ടോബർ 22ന് ടെന്നിസിയിലെ നാഷ് വില്ലയിലാണ് മൂന്നാമത്തെ സംവാദം നടത്തുക. നവംബർ 3നാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. 1976 മുതൽ എല്ലാ പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിലും ഡിബേറ്റ് നടത്താറുണ്ട്.

ട്രംപിന് കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഒക്ടോബര്‍ 15ൻ്റെ ടൗണ്‍ഹാള്‍ ഡിബേറ്റ് വിര്‍ച്വല്‍ ഫോര്‍മാറ്റിലേയ്ക്ക് മാറ്റുകയാണെന്ന് സിപിഡി (കമ്മീഷണന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌സ്) അറിയിച്ചിരുന്നു. എന്നാൽ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലിരുന്ന് നടത്തുന്ന വാദപ്രതിപാദം ഒരു വിഡ്ഡിത്തമാണെന്നും അതിൽ പങ്കെടുക്കുന്നത് തൻ്റെ സമയം പാഴാക്കലാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കിയത്.

വോട്ടർമാർക്ക് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരത്തിൽ നിന്നുള്ള ട്രംപിൻ്റെ ഒഴിഞ്ഞുമാറലാണിതെന്ന് ബെെഡൻ്റെ വക്താവ് ആൻഡ്രൂ ബെയ്റ്റ്സ് പ്രതികരിച്ചു. ട്രംപ് കൊവിഡ് നേഗറ്റീവായോ എന്ന കാര്യത്തിൽ വെെറ്റ് ഹൌസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിന് കൊവിഡ് പോസിറ്റീവ് ആയി തുടരുകയാണെങ്കിൽ നേരിട്ടുള്ള ഡിബേറ്റിന് തയ്യാറല്ലെന്ന് ജോ ബെെഡൻ അറിയിച്ചിട്ടുണ്ട്. 

content highlights: “Each Candidate Has Alternate Plan”: 2nd US Presidential Debate Cancelled