ടിആര്‍പി തട്ടിപ്പ്: വിശദീകരണം തേടി ഐടി കാര്യ പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ടിവി കാഴ്ച്ചക്കാരുട എണ്ണം നിശ്ചയിക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഐടികാര്യ പാര്‍ലമെന്ററി സമിതി. വിഷയത്തില്‍ വിശദീകരണം തേടാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രസാര്‍ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷനും (എന്‍ബിഎ) സമിതി നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ടിആര്‍പി റേറ്റിങില്‍ കൃത്രിമത്വം നടക്കുന്നതായി മുംബൈ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിംങ് പ്രസ്താവന നടത്തിയത്.

തട്ടിപ്പില്‍ റിപ്പബ്ലിക് ടിവിയുള്‍പ്പെടെ മൂന്ന് മാധ്യമങ്ങളുടെ പേരാണ് പൊലീസ് വെളിപ്പെടുത്തിയത്. ഇത് ദേശീയ മാധ്യമങ്ങള്‍ക്കിടയില്‍ വന്‍ പോരിനിടയാക്കിയിരുന്നു. ഒരു ചാനലിന്റെ ടിആര്‍പി റേറ്റിംങ് അനുസരിച്ചാരിച്ചാണ് പരസ്യദാതാക്കള്‍ ചാനലിനെ സമീപിക്കുന്നത്. രാജ്യത്തുടനീളമുള്ള നിശ്ചിത ഭവനങ്ങളില്‍ ബാരോമീറ്ററുകള്‍ സ്ഥാപിച്ചാണ് ചാനലുകളുടെ ടിആര്‍പി റേറ്റിംങ് ബാര്‍ക് (Broadcast Audience Research Council) നിശ്ചയിക്കുന്നത്. അതീവ രഹസ്യമായി സൂക്ഷിക്കുന്ന ഭവനങ്ങളുടെ വിവരങ്ങള്‍ മുന്‍ ജീവനക്കാരില്‍ നിന്ന് ചോര്‍ത്തിയെടുത്ത് ഇവര്‍ക്ക് പണം നല്‍കി ഒരേ ചാനല്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ചാണ് കൃത്രിമത്വം നടത്തിയതെന്നാണ് കമ്മീഷണറുടെ കണ്ടെത്തല്‍.

എന്നാല്‍ ടിആര്‍പി ക്രമക്കേടില്‍ പ്രതികൂട്ടിലായ റിപ്പബ്ലിക്കിന്റെ അര്‍ണാബ് ഗോസ്വാമി കമ്മീഷണര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ, പൊലീസ് വെളിപ്പെടുത്തല്‍ ഏറ്റെടുത്ത മറ്റ് മാധ്യമങ്ങള്‍ക്ക് എതിരെ കേസ് കൊടുക്കുമെന്നും അര്‍ണാബ് ഭീക്ഷണി മുഴക്കി. ഇന്ത്യാ ടുഡെയ്‌ക്കെതിരെ അര്‍ണാബ് നടത്തിയ വിമര്‍ശനവും വിവാദമായിരുന്നു.

റിപ്പബ്ലിക്, ഭക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയാണ് വഞ്ചന കുറ്റമടക്കം ചുമത്തിയിട്ടുള്ളത്. രണ്ടു ചാനലുകളുടെ ഉടമസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ണാബ് ഗോസ്വാമിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Content Highlight: Parliamentary committee on IT matters seeking explanation on TRP Scam