അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

കൊല്ലം: കൊവിഡ് കാലത്ത് ഡ്യൂട്ടി അധികമായതോടെ സമരത്തിനൊരുങ്ങി ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. അമിത ജോലി ഭാരം കുറക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന കെജിഎംഒഎയുടെ നിരന്തര ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഡോക്ടര്‍മാരുടെ സമരം. എന്നാല്‍, സമരം കൊവിഡ് ഡ്യൂട്ടിയെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.

കൊവിഡ് ഇതര പരിശീലനമടക്കം ബഹിഷ്‌കരിക്കാനാണ് സംഘടനയുടെ തീരുമാനം. കൂടാതെ, ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകള്‍ ബഹിഷ്‌കരിക്കാനും, സര്‍ക്കാരിന്റെ ഔദ്യോഗിക വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം ഒഴിഞ്ഞ് നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജോലി ഭാരം കുറക്കണമെന്ന അഭ്യര്‍ത്ഥനക്ക് പിന്നാലെ സര്‍ക്കാര്‍ ചെയ്തത് കൊവിഡ് ആശുപത്രികളിലെ അതി കഠിനമായ ഡ്യൂട്ടിക്ക് ശേഷമുള്ള അവധി അവസാനിപ്പിച്ച് കൊണ്ടുള്ള തീരുമാനമാണ്. ഇതുള്‍പ്പെടെ സംഘടന മുന്നോട്ട് വെച്ച 15 ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ 15 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചത്.

Content Highlight: Government Doctors to Quit over time duty