തിരുവനന്തപുരം: നബാര്‍ഡിന്റെ സഹായത്തോടെ കേരളത്തിലെ ആറ് ആശുപത്രികള്‍ക്കായി 74.45 കോടി രൂപ വകയിരുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സാങ്കേതിക അനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം ആശുപത്രികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയിലൂടെ ആശുപത്രി വികസനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 19.75 കോടി രൂപ, എറണാകുളം തൃപ്പുണ്ണിത്തറ താലൂക്ക് ആശുപത്രി 10 കോടി, കണ്ണൂര്‍ ആറളം കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം 11.40 കോടി, കൊല്ലം പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം 10 കോടി, കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം 11.30 കോടി, തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി 12 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
കണ്ണൂര്‍ പിണറായി ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി സെന്റര്‍ നിര്‍മാണത്തിനാണ് 19.75 കോടി രൂപ അനുവദിച്ചത്. ഈ സര്‍ക്കാരാണ് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയര്‍ത്തിയത്. 5 നിലകളുള്ള ആശുപത്രി കെട്ടിടമാണ് നിര്‍മിക്കുന്നത്. എറണാകുളം തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ 4 നിലകളുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് തുകയനുവദിച്ചത്. ഒ.പി. മുറികള്‍, മെഡിക്കല്‍ ഐസിയു, സര്‍ജിക്കല്‍ ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സജ്ജമാക്കുന്നത്. കണ്ണൂര്‍ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനായാണ് തുകയനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്.
കൊല്ലം പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 5 നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്ന്. ഒ.പി., ഇസിജി റൂം, സ്റ്റോര്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, ജിം, വാക്‌സിനേഷന്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 5 നിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 11.30 കോടി രൂപ അനുവദിച്ചത്. അത്യാഹിത വിഭാഗം, കണ്‍സള്‍ട്ടേഷന്‍ റൂം, ഡയാലിസിസ് യൂണിറ്റ്, ലേബര്‍ റൂം, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍, എന്‍ഐസിയു, എക്‌സ്‌റേ, ഫാര്‍മസി തുടങ്ങിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണത്തിനായാണ് 12 കോടി രൂപ അനുവദിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 1.75 കോടി രൂപയുള്‍പ്പെടെ 9.75 കോടി രൂപ ചെലവഴിച്ചു കൊണ്ടുള്ള 3 നില കെട്ടിടത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ടത്തില്‍ അനുവദിച്ച തുകയുപയോഗിച്ച് ഈ കെട്ടിടത്തില്‍ മൂന്ന് നിലകള്‍ കൂടി അധികമായി നിര്‍മിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കാനാണ് തീരുമാനം.
Content Highlight: Kerala Health Department allotted 74.45 Crore for Hospital Development