സെക്രട്ടറിയേറ്റ് തീപിടുത്തം; ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപെടുത്തിയെന്ന ആരോപണവുമായി രമേഷ് ചെന്നിത്തല

Ramesh Chennithala says IG threatened forensic officers

സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തവുമായി ബന്ധപെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശകാരിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഐജിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപെട്ടു. ഫോറൻസികിന്റെ അടുത്ത റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ അത് കോടതിയിൽ പോകരുതെന്ന് ഐജി നിർദേശിച്ചതായും ചെന്നിത്തല ആരോപിച്ചു.

ഫോറൻസികിന്റെ റിപ്പോർട്ട് തിരുവനന്തപുരം സിജിഎം കോടതിയിൽ എത്തിയതിനു പിന്നാലെ ഒരു ഐജി ഫോറൻസിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപെട്ടു. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥനെ ഐജി കുറേ ശകാരിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തു. ഫോറൻസിക് പരിശോധന നടത്താൻ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ധേഹം ചോദിച്ചത്. ഇതുമായി ബന്ധപെട്ട ഫയലുകൾ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ഐജി വാങ്ങിവെച്ചു. ഫോറൻസികിന്റെ രണ്ടാമത്തെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ കോടതിൽ എത്തരുതെന്ന് ഉദ്യോഗസ്ഥന് ഐജി നിർദേശം നൽകുകയും ചെയ്തു.

ഫോറൻസിക് റിപ്പോർട്ടുകളിൽ പോലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല ഐജിയുടെ നടുപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളിയായി വേണം കാണാനെന്നും വ്യക്തമാക്കി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ ഐജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിർദേശ പ്രകാരമാണ് ഇപ്രകാരം പ്രവർത്തിച്ചതെന്നും അദ്ധേഹം ചോദിച്ചു. ഐജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപെട്ടു. മുഖ്യമന്ത്രി നേരിട്ട് തെളിവുകൾ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അതിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നത് ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും ആണെന്നും ചെന്നിത്തല ആരോപിച്ചു.

Content Highlights; Ramesh Chennithala says IG threatened forensic officers