നടിക്ക് നീതി കിട്ടാൻ പൊതുസമൂഹവും മുഖ്യമന്ത്രിയും ഇടപെടണം; ഡബ്ല്യുസിസി

Wcc Facebook post on the allegation about the judge in actress attacking case

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം. മൂന്നുവർഷമായി നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്. അതിൽ ഇനിയും അനിശ്ചിതത്വം ഉണ്ടാക്കുന്നത് ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതു സമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ഡബ്ല്യുസിസി പറഞ്ഞു. 

പ്രത്യേക കോടതിയിൽ നിന്നും നടിക്ക് നീതി ലഭിക്കില്ലെന്നും ജഡ്ജിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി പക്ഷാപാതത്തോടെയാണ് പെരുമാറുന്നതെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ആക്രമിക്കപ്പെട്ട സഹപ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കുകയെന്നത് രാജ്യത്തെ പെൺകുട്ടികളുടേയും സ്ത്രീകളുടേയും ഭാവിയിൽ കരുതലുള്ള മുഴുവൻ ആളുകളുടേയും ഉത്തരവാദിത്വമായിരിക്കണമെന്നും ഡബ്ല്യൂസിസി ഓർമ്മിപ്പിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

‘ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായിഅറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ!

content highlights: Wcc Facebook post on the allegation about the judge in actress attacking case