ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സിബിഐ. തിങ്കളാഴ്ച്ച പ്രതികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സിബിഐ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിയുടെ അമ്മയും മകന് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷം പ്രതിയുടെ സ്‌കൂള്‍ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കൈപ്പറ്റി. ഉത്തര്‍ പ്രദേശിലെ ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍ ആന്‍ഡ് ഇന്റര്‍മീഡിയറ്റ് എജ്യുക്കേഷന്‍ നടത്തിയ 2018 ലെ ഹൈസ്‌കൂള്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റാണ് സിബിഐ പ്രതിയുടെ വീട്ടില്‍ നിന്നും തെളിവിനായി ശേഖരിച്ചത്. ഇതില്‍ പ്രതിയുടെ ജനന തിയതി 02-12-2002 ആണ്.
ഹത്രാസ് കേസിലെ നാലുപ്രതികളും നിലവില്‍ അലിഗഡ് ജയിലിലാണ്. തിങ്കളാഴ്ച എട്ടു മണിക്കൂറോളം സി.ബി.ഐ. ഇവരെ ചോദ്യം ചെയ്തിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെയും ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും സി.ബി.ഐ. തിങ്കളാഴ്ച കണ്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളേയും മണിക്കൂറികളോളം സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബര്‍ 14നാണ് പത്തൊമ്പതുകാരിയായ ദളിത് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് നടന്നത്.
Content Highlight: One of the accused in Hathras Gang Rape is Minor