എല്ലാ തീവ്രവാദികളും മദ്രസകളിൽ പഠിച്ചവർ, ജമ്മു കാശ്മീർ തീവ്രവാദ ഫാക്ടറി; ബിജെപി മന്ത്രി

MP minister accuses madrasas of breeding terrorism, backs ending government support for them

എല്ലാ തീവ്രവാദികളും മദ്രസകളിൽ പഠിച്ചവരാണെന്ന വിദ്വേഷ പരാമർശവുമായി മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ. മദ്രസകളും സംസ്കൃത പഠനകേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന അസം സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെയാണ് ഉഷാ താക്കൂറിൻ്റെ വർഗീയ പരാമർശം. മദ്രസകൾക്ക് സർക്കാർ നൽകുന്ന അനുകൂല്യങ്ങൾ അവസാനിപ്പിക്കണമെന്നും ദേശീയത പാലിക്കാൻ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിൻ്റെ സമ്പൂർണ പുരോഗതി ഉറപ്പാക്കണമെന്നും ഇവർ പറയുന്നു. മദ്രസയിൽ പഠിച്ച എല്ലാ തീവ്രവാദികളും ജമ്മു കാശ്മീരിനെ ഒരു ഭീകര ഫാക്ടറിയാക്കി മാറ്റിയെന്നും ഉഷാ താക്കൂർ ആരോപിച്ചു.

ജമ്മുകാശ്മീർ തീവ്രവാദ ഫാക്ടറിയായി മാറിയിരിക്കുന്നു. കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതിന് തടസം നൽകുന്നത് അത്തരം മദ്രസകളാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സമൂഹത്തിൽ വിദ്വേഷം വളർത്തുന്നു. ഉഷാ താക്കൂർ പറഞ്ഞു. ആരെങ്കിലും മതം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വന്തം ചെലവിൽ നടത്തണമെന്നും അങ്ങനെ ചെയ്യാൻ അവർക്ക് ഭരണഘടനാ അവകാശം നൽകുന്നുണ്ടെന്നും താക്കൂർ വ്യക്തമാക്കി

നേരത്തെ ഉഷാ താക്കൂർ ഗാന്ധി ഘാതകനായ ഗോഡ്സെയെ ദേശീയവാദി എന്ന് പ്രശംസിച്ചിരുന്നു. ഇതിന് മുമ്പും ഇവർ നിരവധി തവണ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 

content highlights: MP minister accuses madrasas of breeding terrorism, backs ending government support for them